
നിമിഷപ്രിയയുടെ മോചനത്തിനായി ബ്ലഡ് മണി നൽകാൻ പണം ഒരു വിഷയമേയല്ലെന്ന് സേവ് നിമിഷപ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിൽ. സുപ്രീംകോടതിയിലാണ് ആക്ഷൻ കൗൺസിലിനായി ഹാജരായ സീനിയർ അഭിഭാഷകൻ രാകേന്ദ് ബസന്തും അഭിഭാഷകൻ കെ.ആർ. സുഭാഷ് ചന്ദ്രനും ഇക്കാര്യം വ്യക്തമാക്കിയത്. നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെടൽ തേടി ആക്ഷൻ കൗൺസിൽ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് അഭിഭാഷകർ ബ്ലഡ് മണി നൽകുന്നതിനുള്ള പണം ഒരു വിഷയമല്ലെന്ന് വ്യക്തമാക്കിയത്.
ലോകമെമ്പാടുമുളള മലയാളികൾക്ക് എത്ര പണം വേണമെങ്കിലും സമാഹരിക്കാൻ കഴിയുമെന്ന് അഭിഭാഷകർ സുപ്രീം കോടതിയെ അറിയിച്ചു. അതേസമയം, നിമിഷപ്രിയയുടെ മോചനത്തിന് സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. ഇതിനായി യെമെനിൽ സ്വാധീനമുള്ള ഒരു ഷേയ്ഖിന്റെ സഹായം ഉപയോഗിക്കുന്നുണ്ടെന്നും കേന്ദ്ര സർക്കാരിന് വേണ്ടി അറ്റോർണി ജനറൽ ആർ. വെങ്കിട്ട രമണി സുപ്രീം കോടതിയെ അറിയിച്ചു. എന്നാൽ, കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നിമിഷപ്രിയയുടെ മോചനത്തിന് കേന്ദ്രം ഇടപെടണമെന്ന് ആവശ്യപ്പെടുന്ന ഹർജി സുപ്രീം കോടതി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും. കേസിൽ നടക്കുന്ന ഇടപെടൽ സംബന്ധിച്ച കാര്യങ്ങൾ അന്ന് കോടതിയെ അറിയിക്കാൻ അറ്റോർണി ജനറലിനോട് സുപ്രീം കോടതി നിർദേശിച്ചു.











